Kerala Lakes (കേരളത്തിലെ തടാകങ്ങൾ ) Complete PSC Questions and Notes


 നമ്മുടെ തടാകങ്ങള്‍

കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന വലിയ ജലാശയങ്ങളാണ് കായലുകള്‍. കടലുമായി ബന്ധമില്ലാത്ത ശുദ്ധജല തടാകങ്ങളെയും കായലുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം. കേരളത്തില്‍ 34 കായലുകളാണുള്ളത്. പ്രധാന കായലുകളെയും ശുദ്ധജല തടാകങ്ങളെയും കുറിച്ച്.


പ്രധാന കായലുകള്‍

വേമ്പനാട്ടുകായല്‍

205 ച.കി.മീറ്റര്‍ വിസ്തൃതിയിലുള്ള വേമ്പനാട്ടു കായലാണ് കേരളത്തിലെ ഏറ്റവും വലിയ കായല്‍. ആലപ്പുഴ മുതല്‍ കൊച്ചിവരെ നീണ്ടുകിടക്കുന്ന ഈ കായലില്‍ ആണ് മീനച്ചില്‍, പമ്പ, മൂവാറ്റുപുഴ എന്നീ നദികള്‍ പതിക്കുന്നത്. പ്രശസ്തമായ തണ്ണീര്‍ മുക്കം ബണ്ട് നിര്‍മിച്ചിരിക്കുന്നതും വേമ്പനാട്ടു കായലിലാണ്.


അഞ്ചുതെങ്ങ് കായല്‍

20 ച.കി.മീ വിസ്തീര്‍ണമുള്ള ഈ കായലിലാണ് വാമനപുരം നദി പതിക്കുന്നത്.


കൊടുങ്ങല്ലൂര്‍ കായല്‍

ചാലക്കുടി പുഴ പതിക്കുന്ന കൊടുങ്ങല്ലൂര്‍ കായല്‍ കൊച്ചിയില്‍ നിന്ന് 25 കി.മീ വടക്കായി നീണ്ടു കിടക്കുന്നു.


ഇടവാ നടയറക്കായലുകള്‍

വര്‍ഷക്കാലത്ത് കടലുമായി യോജിക്കുന്ന ഈ കായല്‍ അഞ്ചുതെങ്ങ് കായലിന് വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു.


അഷ്ടമുടിക്കായല്‍

50 ച.കി.മീ വിസ്തൃതിയിലുള്ള ഈ കായല്‍ കൊല്ലം മുതല്‍ വടക്കോട്ട് എട്ട് ശാഖകളിലായി നീണ്ടു കിടക്കുന്നു.


കായംകുളം കായല്‍

1866 ല്‍ ഉണ്ടായ ഒരു വെള്ളപ്പൊക്കമാണ് ഈ കായലിന് ജന്‍മം നല്‍കിയത്. ആലപ്പുഴ കൊല്ലം ജില്ലകളിലായി കടലിന് സമാന്തരമായി കിടക്കുന്ന കായലാണിത്.


വേളിക്കായല്‍

തിരുവനന്തപുരത്തുനിന്ന് അഞ്ച് കി.മീ വടക്കായി സ്ഥി തി ചെയ്യുന്നു. ഇതിന്റെ മനോഹരമായ തീരപ്രദേശങ്ങള്‍ നിരവധി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.


ബിയ്യം കായല്‍

മലപ്പുറം ജില്ലയിലെ ഈ കായലിനെ പൊന്നാനിക്കനാല്‍ വഴി ഭാരതപ്പുഴയുമായി ബന്ധിപ്പിച്ചിരിക്കുന്നു.


ചാവക്കാട് കായല്‍

ഈ കായലിനെ വെളിയങ്കോട് കായലുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതില്‍ നദികള്‍ ഒന്നും പതിക്കുന്നില്ല.


കവ്വായിക്കായല്‍

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ കായലിന് കടലിന് അഭിമുഖമായ ഭാഗത്ത് 16.42 ച.കി.മീ വിസ്തീര്‍ണമുണ്ട്. 21 കി.മീ ആണ് ദൈര്‍ഘ്യം. പെരുമ്പപ്പുഴ, കവ്വായിപ്പുഴ, കര്യാങ്കോട് പുഴ, രാമപുരം പുഴ എന്നിവ ഈ കായലിലാണ് പതിക്കുന്നത്.


കോഴിത്തോട്ടം കായല്‍

ഹൗസ് ബോട്ട് യാത്രികര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ കായല്‍ തിരുവനന്തപുരം ജില്ലയില്‍ വേളിക്കായലിനോട് ചേര്‍ന്ന് കടലിന് സമാന്തരമായി കിടക്കുന്ന ചെറിയ കായലാണ്.


 


ശുദ്ധജല തടാകങ്ങള്‍

ശാസ്താംകോട്ട ശുദ്ധജല തടാകം

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണിത്. കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍ സ്ഥിതി ചെയ്യുന്നു. 3.75 സ്‌ക്വയര്‍ കി.മീ വിസ്തീര്‍ണമുള്ള ഈ തടാകം ‘എ’ആകൃതിയിലാണ്.


വെള്ളായണി തടാകം

തിരുവനന്തപുരം ജില്ലയില്‍ തെക്കു മാറി കോവളത്തിനു സമീപത്ത് സ്ഥി തി ചെയ്യുന്ന കായലാണ് വെള്ളായണി കായല്‍. ഈ ശുദ്ധജലതടാകത്തിന്റെ വിസ്തീര്‍ണം സര്‍വേ ഒഫ് ഇന്ത്യയുടെ കണക്കുപ്രകാരം 750 ഹെക്റ്റര്‍ ആണ്. ചെറിയ കുന്നുകള്‍ക്കിടയില്‍ ചുറ്റപ്പെട്ട ഈ തടാകം കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകമാണ്. വിസ്തീര്‍ണം 2.29 ചതുരശ്ര കി.മീറ്ററാണ്.


പൂക്കോട് തടാകം

വയനാട് ജില്ലയിലെ കുത്തിടവക എന്ന ഗ്രാമത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ബോട്ടിങ് സൗകര്യമുള്ള പൂക്കോട് തടാകം വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.


ഏനമാക്കല്‍ തടാകം

തൃശൂര്‍ ജില്ലയിലെ ശുദ്ധജല തടാകമാണിത്. കരുവണ്ണൂര്‍പ്പുഴ ഈ തടാകത്തിലാണ് എത്തിച്ചേരുന്നത്.


മണക്കൊടി തടാകം

ഏനമാക്കല്‍ തടാകവുമായി ബന്ധപ്പെട്ടു കിടക്കുന്ന ശുദ്ധജല തടാകമാണിത്. ഏനമാക്കല്‍ തടാകത്തിനും മണക്കൊടി തടാകത്തിനും കൂടി 65 ച.കി.മീറ്റര്‍ വിസ്തൃതിയുണ്ട്.

Share: